മെയ്ഡ്സ്റ്റോൺ: മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ (എംഎംഎ) ആദ്യമായി സംഘടിപ്പിക്കുന്ന ഓൾ യുകെ വടംവലി മത്സരം ഞായറാഴ്ച ഇംഗ്ലണ്ടിലെ കെന്റിലുള്ള മെയ്ഡ്സ്റ്റോൺ ലിഷർ സെന്ററിൽ (Mote Park, ME15 7RN) നടക്കും.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപതോളം പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന വടംവലി മാമാങ്കത്തിനാണ് മെയ്ഡ്സ്റ്റോൺ സാക്ഷിയാകുന്നത്. രാവിലെ ഒമ്പതിന് ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിക്കും.
തുടർന്ന് 10ന് ആവേശകരമായ മത്സരങ്ങൾക്ക് തുടക്കമാകും. ആഷ്ഫോർഡ് എംപി സോജൻ ജോസഫ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ചലച്ചിത്ര താരം നന്ദു മത്സരങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
ആകർഷകമായ സമ്മാനങ്ങൾ
വിജയികളെ കാത്ത് കാഷ് അവാർഡുകളും ട്രോഫികളുമാണ് ഒരുക്കിയിരിക്കുന്നത്:
- ഒന്നാം സ്ഥാനം: 1251 പൗണ്ട് കാഷ് അവാർഡും എവർറോളിംഗ് ട്രോഫിയും
- രണ്ടാം സ്ഥാനം: 701 പൗണ്ട് കാഷ് അവാർഡും ട്രോഫിയും
- മൂന്നാം സ്ഥാനം: 350 പൗണ്ട് കാഷ് അവാർഡും ട്രോഫിയും
- നാലാം സ്ഥാനം: 201 പൗണ്ട് കാഷ് അവാർഡും ട്രോഫിയും
- അഞ്ച് മുതൽ 10 വരെ സ്ഥാനക്കാർക്ക്: 101 പൗണ്ട് വീതവും ട്രോഫിയും
ഇതിനുപുറമെ മികച്ച പുള്ളർ, ഫ്രണ്ട്, ബാക്ക്, എമർജിംഗ് ടീം, സ്പിരിറ്റ് ഓഫ് ദി ഗെയിം എന്നീ പ്രത്യേക അവാർഡുകളും നൽകും.
കലാപരിപാടികളും തത്സമയ സംപ്രേഷണവും
കാണികൾക്കായി ഒരു ദിവസം മുഴുവൻ ആഘോഷമാക്കാവുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ ലൈവ് ഇന്ത്യൻ ഫുഡ് കോർട്ടും ലഘുഭക്ഷണശാലകളും പ്രവർത്തിക്കും.
സ്റ്റേജിൽ ലൈവ് ഡിജെ, ഡാൻസ്, മ്യൂസിക് എന്നിവ അരങ്ങേറും. കുട്ടികൾക്കായി ഫേസ് പെയിന്റിംഗും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. മത്സരങ്ങൾ ഗർഷോം ടിവി തത്സമയം സംപ്രേഷണം ചെയ്യും.
കൂടാതെ വേദിയിലെത്തുന്ന കാണികൾക്കായി മത്സരങ്ങൾ ലൈവായി എൽഇഡി സ്ക്രീനുകളിൽ പ്രദർശിപ്പിക്കും.
എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ശ്രീജിത്ത് കുറുവൻകാട്ടിൽ (പ്രസിഡന്റ്), പ്രവീൺ രാമകൃഷ്ണൻ (സെക്രട്ടറി), വി. സന്തോഷ് (ട്രഷറർ), അനീഷ് പള്ളിയാലിൽ, ജോഷി ആനിത്തോട്ടത്തിൽ (സ്പോർട്സ് കോർഡിനേറ്റേഴ്സ്) എന്നിവർ അറിയിച്ചു.